സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി
Monday, November 4, 2024 1:17 PM IST
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ ഇളവ് ചെയ്തു.
ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത രേഖകളും സിദ്ദിഖ് കാപ്പൻ കോടതിക്ക് മുൻപാകെ തേടിയെങ്കിലും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൈവശം ഇല്ലെന്ന് യുപി പോലീസ് കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. മൊബൈൽ ഫോൺ വിട്ട്നൽകാനാവില്ലെന്നും യുപി പോലീസ് അറിയിച്ചു.
ഹാത്രസില്‍ ദളിത് ബാലിക കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ഥലത്തേക്ക് പോകും വഴിയാണ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റിലായത്. കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് പ്രവർത്തകരെയും യുഎപിഎ ചുമത്തി ജയിലിലടക്കുകയായിരുന്നു.