"രഞ്ജിയോടെ കളമൊഴിയും': ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ച് വൃദ്ധിമാൻ സാഹ
Monday, November 4, 2024 9:51 AM IST
കോല്‍ക്കത്ത: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു മുതിർന്ന വിക്കറ്റ്കീപ്പർ ബാറ്റർ വൃദ്ധിമാന്‍ സാഹ. ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ സാഹയെ ഇത്തവണ ടീം നിലനിര്‍ത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് 40കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
പ്രഫഷണൽ ക്രിക്കറ്റിലെ തന്റെ അവസാന കാമ്പയിനായിരിക്കും ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫി സീസൺ എന്ന് സാഹ പറഞ്ഞു. രഞ്ജി ട്രോഫിയില്‍ ബംഗാളിന്റെ താരമാണ് സാഹ.
"ക്രിക്കറ്റിന്റെ ഈ നീണ്ട യാത്രയില്‍ ഇതെന്റെ അവസാന സീസണായിരിക്കും. ബംഗാളിനുവേണ്ടി ഒരിക്കല്‍ കൂടി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. രഞ്ജി ട്രോഫിയില്‍ മാത്രം കളിച്ചു കൊണ്ടാണ് ഞാന്‍ വിരമിക്കുന്നത്.'- സാഹ എക്സ് പോസ്റ്റില്‍ കുറിച്ചു.
2010ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച സാഹ, 40 ടെസ്റ്റുകളില്‍ 56 ഇന്നിംഗ്സുകളില്‍ 29.41 ശരാശരിയില്‍ മൂന്ന് സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1,343 റണ്‍സ് സ്വന്തമാക്കി. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 92 ക്യാച്ചുകളും 12 സ്റ്റംപിംഗുകളും സാഹയുടെ പേരിലുണ്ട്.
മൂന്ന് വർഷം മുമ്പ് 2021ൽ ന്യൂസിലാൻഡിനെതിരെയാണ് സാഹ അവസാനമായി ടെസ്റ്റ് കളിച്ചത്. 2010ൽ തന്നെ ഏകദിനത്തിലും അരങ്ങേറിയ താരം ഒമ്പത് ഏകദിനങ്ങളില്‍ 41 റണ്‍സും സാഹ നേടി. ഐപിഎലിൽ 170 മത്സരങ്ങളിൽ നിന്നായി 2,934 റൺസും താരം അടിച്ചുകൂട്ടി.
എം.എസ്.ധോണി വിരമിച്ച ശേഷമാണ് സാഹയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ കാര്യമായ അവസരം ലഭിച്ചത്. പിന്നീട് ഋഷഭ് പന്തിന്റെ വരവോടെ ടീം മാനേജ്മെന്റ് സാഹയോടെ വിരമിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ രണ്ട് വർഷവും ത്രിപുരയ്ക്കായി കളിച്ച താരം അവരുടെ മെന്ററായും പ്രവർത്തിച്ചു വരികയായിരുന്നു. ഈ സീസണ് മുന്നോടിയായി സൗരവ് ഗാംഗുലിയുമായി ചർച്ച നടത്തിയ ശേഷമാണ് സാഹ ബംഗാൾ ടീമിൽ തിരിച്ചെത്തിയത്.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ് ഇലവൻ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. 2022-ൽ ഗുജറാത്ത് ടൈറ്റൻസ് അരങ്ങേറ്റ സീസണിൽ തന്നെ കിരീടം ഉയർത്തിയപ്പോൾ സാഹ ടീമിന്റെ അഭിവാജ്യഘടകമായിരുന്നു.
ഐപിഎല്ലിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും കളിച്ച താരം ഇത്തവണത്തെ മെഗാ താരലേലത്തിന്റെ രജിസ്റ്റർ ചെയ്യാൻ സാധ്യത കുറവാണ്. 2014-ലെ ഐപിഎൽ ഫൈനലിൽ കിംഗ്സ് ഇലവനായി നേടിയ മിന്നും സെഞ്ചുറി സാഹയുടെ കരിയറിലെ പൊൻതൂവലാണ്.
55 പന്തുകൾ മാത്രം നേരിട്ട് സാഹ 115 റൺസോടെ പുറത്താകാതെ നിന്നു. 10 ഫോറും എട്ട് സിക്സും പറത്തിയാണ് സാഹ സെഞ്ചുറി പൂർത്തിയാക്കിയത്. സാഹയുടെ സെഞ്ചുറിയും കിരീടം ഉയർത്താൻ പഞ്ചാബിനെ തുണച്ചില്ല. കോൽക്കത്ത നൈറ്റ് റൈഡേഴ്സായിരുന്നു മത്സരം ജയിച്ച് ജേതാക്കളായത്.