സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
Saturday, November 2, 2024 8:26 AM IST
കൊച്ചി: മന്ത്രി സജി ചെറിയാന്റെ മല്ലപ്പളളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ശനിയാഴ്ച വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നില്‍നില്‍ക്കുന്നതല്ലെന്നായിരുന്നു നേരത്തെ പോലീസ് കണ്ടെത്തിയത്. എന്നാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് സജി കേസ് അട്ടിമറിച്ചെന്നാണ് ഹര്‍ജിയിലുളളത്. പോലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
2022 ജൂലൈ നാലിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ പങ്കെടുക്കവെയാണ് സജി ചെറിയാന് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.
എന്നാല്‍ മല്ലപ്പള്ളിയിലെ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകനാണു താനെന്നുമാണ് സജി ചെറിയാന് വിശദീകരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.
അംബേദ്കറെ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്നു പറയുന്നിതിലും ദുഃഖം ഉണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.