എഡിഎമ്മിന്റെ മരണം; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
Friday, November 1, 2024 7:21 PM IST
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യൂ മന്ത്രി കെ.രാജനാണ് മുഖ്യമന്ത്രി പിണറായി വജയന് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു.
പെട്രോൾ പമ്പിന്റെ എൻഒസിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തെറ്റു പറ്റിയെന്ന് നവീൻ ബാബു ജില്ലാ കളക്ടറോടു പറഞ്ഞിരുന്നു എന്ന കാര്യം റിപ്പോർട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല.
എന്ത് തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന് ബാബു അതിനു മറുപടി നൽകിയില്ലെന്ന് കളക്ടറുടെ മൊഴിയിൽ പറയുന്നു. നവീൻ ബാബുവിന്റെ കുടുംബം ഉന്നയിച്ച ആരോപണം ഉൾപ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമെങ്കിൽ പോലീസ് അന്വേഷണം നടക്കട്ടെ എന്നുമാണ് കളക്ടര് പറയുന്നത്.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എത്തുന്നത് ആരുടേയും ക്ഷണം ഇല്ലാതെയാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ യോഗത്തിൽ എത്തിയതെന്ന് പി.പി.ദിവ്യ പറഞ്ഞിരുന്നു.
അതേസമയം എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പി.പി.ദിവ്യയെ കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നൽകിയതെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.