നവകേരള ആഡംബര ബസ് ഇനി സൂപ്പര്‍ ഡീലക്സ് എസി സര്‍വീസ്
സ്വന്തം ലേഖകന്‍
Friday, November 1, 2024 4:09 PM IST
കോഴിക്കോട്: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ആഡംബര ബസ് ഇനി കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എസി സർവീസായി നിരത്തിലുണ്ടാകും. കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ വിഐപി ബസ് പല്ലും നഖവും കൊഴിഞ്ഞ സാഹചര്യത്തില്‍ ഇനി മറ്റു കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പം ഓടിത്തുടങ്ങും. രണ്ടാഴ്ചയ്ക്കുള്ളില്‍ സൂപ്പര്‍ ഡീലക്സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടി 16 കോടി രൂപയ്ക്കാണ് ഭാരത് ബെന്‍സിന്റെ ആഡംബര ബസ് വാങ്ങിയത്. മുന്‍ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്റൂം സൗകര്യങ്ങളമുള്ള നവകേരള ബസ് വിവാദത്തിനു വഴിയൊരുക്കിയിരുന്നു. സര്‍ക്കാര്‍ ധൂര്ത്താണെന്നുവരെ വിമര്‍ശനമുയര്‍ന്നു.
നവകേരള യാത്രാ സമയത്ത് ബസ് കാണാന്‍ ധാരാളം ആളുകള്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു. യാത്ര കഴിഞ്ഞപ്പോള്‍ ഈ ബസ് എന്തു ചെയ്യണമെന്നായി ചിന്ത. അങ്ങിനെയാണ് ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബംഗളുരുവിലേക്ക് സര്‍വീസ് നടത്തിയത്. എന്നാല്‍, പ്രതീക്ഷിച്ചപോലെ ലാഭമുണ്ടായില്ല.
നടക്കാവ് കെഎസ്ആര്‍ടിസി റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ കട്ടപ്പുറത്തുകിടന്നിരുന്ന ബസ് ഇപ്പോള്‍ ഭാരത് ബെന്‍സിന്റെ ബസ് ബോഡി ബില്‍ഡിംഗ് നടത്തുന്ന ബംഗളുരുവിലെ വര്‍ക്ക് ഷോപ്പില്‍ വിശ്രമിക്കുകയാണ്. ബസിനു രൂപമാറ്റം വരുത്തി സര്‍വീസ് നടത്താനുള്ള പ്രവൃത്തി ഉടനെ ആരംഭിക്കും.
സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്സ് എസി ബസിന്റെ ടിക്കറ്റ് നിരക്കായിരിക്കും ഉണ്ടാവുക. ഇതോടെ നിലവിലുള്ള നിരക്കിന്റെ പകുതിയായി കുറയും. ഹൈഡ്രോളിക് ലിഫ്റ്റും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവരും. 26 സീറ്റാണ് നവകേരള ബസിലുണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയര്‍ത്തും.