കൊടകര കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഎം
Friday, November 1, 2024 3:09 PM IST
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണം വേണമെന്ന നിർദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നുമാണ് പാർട്ടി വിലയിരുത്തൽ.
കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തല്‍ പോലീസ് അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും പങ്ക് പുറത്തുവരണം. കൊടകര കേസ് അട്ടിമറിക്കാനാണ് വി.ഡി.സതീശൻ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ബിജെപി നേതൃത്വത്തിന്റെ രീതിയെന്ന് ഗോവിന്ദൻ പറഞ്ഞു. ഇഡി പ്രതിപക്ഷവുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമേ അന്വേഷിക്കൂ.ബിജെപിയുടെ നിലപാട് തന്നെയാണ് ഇഡിക്കുമെന്ന് ഗോവിന്ദന് വിമര്‍ശിച്ചു.