സെഞ്ചുറിക്കരികെ സായ് സുദർശനും ദേവദത്തും; ഓസ്ട്രേലിയ-എയ്ക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ-എ
Friday, November 1, 2024 2:12 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയ-എയ്ക്കെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാമിന്നിംഗ്സിൽ തിരിച്ചടിച്ച് ഇന്ത്യ-എ. രണ്ടാംദിനം കളിനിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെന്ന നിലയിലാണ്.
സെഞ്ചുറിക്കരികെ സായ് സുദര്‍ശനും (96) ദേവ്ദത്ത് പടിക്കലുമാണ് (80) ക്രീസില്‍. നായകൻ ഋതുരാജ് ഗെയ്ക്വാദിന്റെയും (അഞ്ച്) അഭിമന്യു ഈശ്വരന്റെയും (12) വിക്കറ്റുകളാണ് ഇന്ത്യ-എക്ക് നഷ്ടമായത്. 88 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ-എയ്ക്ക് ഇപ്പോള്‍ 120 റണ്‍സിന്റെ ആകെ ലീഡുണ്ട്.
നേരത്തെ, ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ-എയ്ക്ക് തുടക്കത്തിൽതന്നെ നായകൻ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. നാലാമോവറിൽ ഫെർഗസ് ഒ'നീലിന്റെ പന്തിൽ കാമറൺ ബാൻക്രോഫ്റ്റിനു പിടികൊടുത്തു മടങ്ങുമ്പോൾ സ്കോർബോർഡിൽ 11 റൺസ് മാത്രമാണുണ്ടായിരുന്നത്.
പിന്നാലെ അഭിമന്യു ഈശ്വരനെ ജോർദാൻ ബക്കിംഗ്ഹാം റണ്ണൗട്ടാക്കിയതോടെ ഇന്ത്യ-എ രണ്ടിന് 30 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ടു. എന്നാൽ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് 178 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി.
185 പന്തില്‍ ഒമ്പതു ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് സായ് സുദര്‍ശന്റെ 96 റണ്‍സ്. അതേസമയം, 167 പന്തില്‍ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് ദേവ്ദത്ത് പടിക്കലിന്റെ ഇന്നിംഗ്സ്.
നേരത്തെ നാലിനു 99 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ-എ 195 റണ്‍സിന് പുറത്തായിരുന്നു. 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഓസ്ട്രേലിയ-എയെ എറിഞ്ഞിട്ടത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും നിതീഷ് റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിയാണ് ഓസ്ട്രേലിയ-എയുടെ ടോപ് സ്കോറര്‍.