ദീപാവലിക്കു പിന്നാലെ തലസ്ഥാനത്തെ വിഴുങ്ങി വിഷപ്പുക; വായുഗുണനിലവാരം താഴേക്ക്
Friday, November 1, 2024 1:29 PM IST
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വിഴുങ്ങി വിഷപ്പുകമഞ്ഞ്. വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്നു രാവിലെയോടെ "വളരെ മോശം' നിലയിലേക്കെത്തി.
നഗരത്തിന്റെ 24 മണിക്കൂർ ശരാശരി എക്യുഐ 330 ആയാണ് മലിനീകരണ നിയന്ത്രണ ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ശരാശരി എക്യുഐ 307 ആയിരുന്നു.
വെള്ളിയാഴ്ച ഡൽഹി ആനന്ദ് വിഹാറിൽ രാവിലെ ആറിന് വായു നിലവാരം 395 ആയാണ് ഉയർന്നത്. നോയിഡ, ഗുരുഗ്രാം, തലസ്ഥാനത്തെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ദ്വാരക-സെക്ടർ എട്ട് (375), രാജ്യാന്തര വിമാനത്താവള മേഖല (375), ജഹാംഗീർപുരി (387), മുണ്ട്ക (370), ആർകെ പുരം (395), എന്നിങ്ങനെയാണ് നഗരമേഖലയിലെ വായു ഗുണനിലവാര സൂചിക.
ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്ക നിരോധനം പാലിക്കുന്നതിനായി ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തിയിരുന്നെങ്കിലും കിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും നിയന്ത്രണങ്ങൾ വലിയ തോതിൽ ലംഘിക്കപ്പെടുന്നതായാണ് റിപ്പോർട്ട്.
ഹരിയാനയിലെ പല സ്ഥലങ്ങളിലും വ്യാഴാഴ്ച ദീപാവലി ആഘോഷത്തോടെ വായു ഗുണനിലവാര സൂചിക 'മോശം', 'വളരെ മോശം' വിഭാഗങ്ങളിലായി.