തുടക്കത്തിൽ മൂന്നുവിക്കറ്റ് വീണു, അർധസെഞ്ചുറിയോടെ യംഗിന്റെ പോരാട്ടം; കിവീസ് ഭേദപ്പെട്ട നിലയിൽ
Friday, November 1, 2024 1:06 PM IST
മുംബൈ: ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ന്യൂസിലന്‍ഡ് ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തിട്ടുണ്ട്.
60 റണ്‍സുമായി വില്‍ യംഗും 21 റണ്‍സോടെ ഡാരില്‍ മിച്ചലുമാണ് ക്രീസില്‍. നായകൻ ടോം ലാതം (28), ഡെവണ്‍ കോണ്‍വെ (നാല്), രചിന് രവീന്ദ്ര (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും ആകാശ്ദീപ് ഒരുവിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിന് നാലാം ഓവറില്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. ഫോമിലുള്ള ഡെവണ്‍ കോണ്‍വെയെ ആകാശ് ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നീട് വന്ന വില്‍ യംഗുമായി ചേർന്ന് ലാതം സ്കോർ മുന്നോട്ടുനീക്കി. സ്കോര്‍ 50 കടത്തിയതിന് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദർ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്കി. ലാതമിനെ സുന്ദര്‍ ബൗള്‍ഡാക്കിയതോടെ കിവീസ് രണ്ടിന് 59 റൺസെന്ന നിലയിലായി.
പിന്നാലെയെത്തിയ രചിന് രവീന്ദ്രയെ സുന്ദര്‍ ബൗള്‍ഡാക്കിയതോടെ കീവിസ് ഞെട്ടി. മൂന്നിന് 72 റൺസെന്ന നിലയിലായ ന്യൂസിലൻഡിനെ പിന്നീട് ഡാരിൽ മിച്ചലും വിൽ യംഗും ചേർന്ന് തോളിലേറ്റുന്ന കാഴ്ചയാണ് കണ്ടത്.