ബംഗളൂരുവിൽ മലയാളി കുടുംബത്തിനുനേരെ ആക്രമണം
Friday, November 1, 2024 10:41 AM IST
ബംഗളൂരു: ബംഗളൂരുവില്‍ മലയാളി കുടുംബത്തിനു നേരേ ആക്രമണം. ബംഗളൂരുവില്‍ സോഫ്റ്റ്വെയർ എന്‍ജീനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോര്‍ജിന്റ കാറിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അനൂപിന്റെ മകന് സ്റ്റീവിന്റെ തലയ്ക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി 9.30ന് കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. അനൂപും കുടുംബവും ബുധനാഴ്ച രാത്രി നഗരത്തിലിറങ്ങിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഭാര്യ ജിസ്, മക്കളായ സെലെസ്റ്റെ (11), സ്റ്റീവ് (5) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്.
കാര്‍ ചൂഡസാന്ദ്രയിലെത്തിയപ്പോള്‍ രണ്ടുപേര്‍ ബൈക്കിലെത്തി കാര്‍ തടഞ്ഞുനിര്‍ത്തി. കാറിലുണ്ടായിരുന്നവരോട് ഗ്ലാസ് താഴ്ത്താന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവർ ഗ്ലാസ് താഴ്ത്താന്‍ തയാറായില്ല.
ഇതേത്തുടര്‍ന്ന് അക്രമികള്‍ കല്ലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവർ കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. പെട്ടെന്ന് സംഘം അനൂപിന്റെ കാറിന് നേരേവന്ന് ഗ്ലാസ് താഴ്ത്താനും പുറത്തേക്ക് ഇറങ്ങാനും ആവശ്യപ്പെട്ടു.
അപകടസാധ്യതയുള്ളതിനാല്‍ ഗ്ലാസ് താഴ്ത്താനോ പുറത്തേക്കിറങ്ങാനോ അനൂപും തയാറായില്ല. ഇടതുവശത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നതിനാല്‍ കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കരിങ്കല്ല് പിന്‍വശത്തെ ഗ്ലാസിലേക്ക് എറിഞ്ഞു. കല്ല് കൊണ്ട് സ്റ്റീവിന്റെ തല മുറിഞ്ഞു. ഇതോടെ അനൂപും ഭാര്യയും കാറില്‍ നിന്നിറങ്ങി. ഈ സമയം അക്രമികള്‍ ബൈക്കെടുത്ത് പോയി.
മകനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. സ്റ്റീവിന്റെ തലയില്‍ തുന്നിക്കെട്ടുകളുണ്ട്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. അനൂപിന്റെ പരാതിയിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.
ആശുപത്രിയിലെത്തിയപ്പോള്‍ രണ്ടുപേര്‍ പിന്തുടര്ന്നെത്തി ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അനൂപ് പറയുകയായിരുന്നു.
സംഭവത്തിൽ പോലീസ് രാത്രിതന്നെ ഒരാളെ കസ്റ്റഡിയിലെടുത്തു.