ബിജെപി നേതാവും എംഎൽഎയുമായ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു
Friday, November 1, 2024 7:47 AM IST
ഫരീദാബാദ്: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ സഹോദരനും മുതിർന്ന ബിജെപി നേതാവും നഗ്രോട്ട എംഎൽഎയുമായ ദേവേന്ദർ സിംഗ് റാണ(59) അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കളടക്കം നൂറുകണക്കിന് ആളുകൾ ജമ്മുവിലെ ഗാന്ധിനഗർ മേഖലയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ തടിച്ചുകൂടി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും അദ്ദേഹത്തിന്റെ വീട്ടിലെത്തി.
ബിസിനസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ റാണ, ജമ്മുവിലെ ദോഗ്ര സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു. ജമ്മു ജില്ലയിലെ നഗ്രോട്ട സെഗ്മെന്റിൽ നിന്ന് ജമ്മു കാഷ്മീർ നിയമസഭയിലേക്ക് അടുത്തിടെ റാണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
റാണയുടെ വിയോഗത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ദുഃഖവും രേഖപ്പെടുത്തി. ജമ്മു കാഷ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരി, പിഡിപി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.