കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാൾ മരിച്ചു
Wednesday, October 30, 2024 9:39 AM IST
കൊച്ചി: കാക്കനാട് സീപോര്‍ട്ട് റോഡില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. പരിക്കേറ്റ് സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചിച്ച അന്‍പത് വയസുകാരിയായ സ്ത്രീയാണ് മരിച്ചത്.
അപകടത്തിൽ 20ഓളം പേർക്ക് പരിക്കുണ്ട്. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 7:30ഓടെയാണ് അപകടം. പൂക്കാട്ടുപടിയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സുൽത്താൻ ബസാണ് എതിരെ വന്ന ടോറസ് ലോറിയിൽ ഇടിച്ചത്.
ടോറസിന് പിന്നിലായി മറ്റൊരു ടോറസ് ലോറിയും വന്നിടിച്ചു. അപകടത്തെ തുടർന്ന് സീപോര്‍ട്ട് റോഡില്‍ വൻ ഗതാഗത തടസമുണ്ടായി.