പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ്; കൊച്ചിയില്‍ രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിലായത് 20 പേര്
Monday, October 28, 2024 8:39 PM IST
കൊച്ചി: കൊച്ചി നഗരത്തില്‍ കൂണ്പോലെ മുളച്ചുപൊന്തുന്ന പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി കൊച്ചി പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിലും ആലുവയും നടത്തിയ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ 20 പേരാണ് അറസ്റ്റിലായത്. ലോഡ്ജുകളും ഹോട്ടലുകളും മസാജ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്.
മസാജ് കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യം നടത്തിവരുന്നതായി കണ്ടെത്തിയ ആയുര്‍വേദ സ്ഥാപന ഉടമയെ ഞായറാഴ്ച എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
വടുതല പിഎഫ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ചികിത്സ കേന്ദ്രത്തിന്റെ ഉടമ വടുതല സ്വദേശി അജിത്ത് രാജ് (36) ആണ് അറസ്റ്റിലായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് നോര്‍ത്ത് പോലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്.
രണ്ട് മാസം മുന്‍പാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചതെന്ന് പോലീസ് പറയുന്നു. മൂന്ന് നില കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷന്റെ ലൈസന്‍സ് സ്ഥാപനത്തിന് ഇല്ലായെന്നും പോലീസ് കണ്ടെത്തി.
എറണാകുളം സൗത്തില്‍ ഹോട്ടല്‍ മുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘത്തിലെ കൊല്ലം സ്വദേശിനി രശ്മി (46), ആലപ്പുഴ ചന്ദനക്കാവ് സ്വദേശി വിമല്‍ (35), ഹോട്ടല്‍ നടത്തിപ്പുകാരന് മാര്ട്ടിന് (60) എന്നിവരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ലിസ്റ്റില്‍ കോളജ് വിദ്യാര്‍ഥിനികളും ഇതര സംസ്ഥാനക്കാരായ യുവതികളും ഉള്‍പ്പെട്ടിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കരിത്തല റോഡിലുള്ള സ്വകാര്യ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കെട്ടിടം വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെ അടുത്തിടെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് സ്വദേശി സി. രാജേഷ് (39), തിരുവനന്തപുരം സ്വദേശി പി. വിഷ്ണു, ചാലക്കുടി സ്വദേശി ഷിജോണ്‍ (44), എറണാകുളം തമ്മനം സ്വദേശി ആര്.ജി. സുരേഷ് (49) എന്നിവരാണ് കഴിഞ്ഞാഴ്ച പോലീസിന്റെ പിടിയിലായത്.
ആലുവ ദേശീയപാതയിലെ ബൈപാസിന് സമീപത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിലെ വാണി, ഷീന, സുനിത, ഷഹന, വിജി, സായിഫ, ഷൈനി, ഷിജി, മനുരാജ്, സാബിത്, അമല്‍, ലിബിന് എന്നിവരെ ഞായറാഴ്ച ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാധിത്യ പറഞ്ഞു.