വ്ലോഗർമാരായ ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കൊലപ്പെടുത്തിയശേഷം
Sunday, October 27, 2024 9:26 PM IST
തിരുവനന്തപുരം: പാറശാലയിൽ വ്ലോഗർമാരായ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ചെറുവാരക്കോണം സ്വദേശികളായ സെൽവരാജും പ്രിയലതയുമാണ് മരിച്ചത്.
ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. ദമ്പതികൾ യുട്യൂബിൽ സജീവമായിരുന്നു.
രണ്ടു ദിവസം മുൻപ് ഇവർ യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ മരിക്കാൻ തയാറെടുക്കുകയാണെന്നു സൂചനയുള്ള വരികളുണ്ടായിരുന്നു. സെൽവരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണു കണ്ടെത്തിയത്. മകളുടെ വിവാഹശേഷം ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.