ദന ചുഴലിക്കാറ്റ്: ഒഡീഷയിൽ കനത്ത മഴ, ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു
Thursday, October 24, 2024 9:17 AM IST
ഭൂവനേശ്വർ: കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട "ദന' ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് നീങ്ങുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ 10 ലക്ഷം പേരെയാണ് ഒഴിപ്പിക്കാൻ ഉദ്ദേശിച്ചതെന്നും ഇതിൽ 30 ശതമാനത്തിലധികം പേരെയും ബുധനാഴ്ച വൈകിട്ടോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്യാന്പുകളിലേക്കു മാറ്റിയവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒക്ടോബർ 24ന് രാത്രിയിൽ മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഇത് മേഖലയിൽ വ്യാപകമായ ആഘാതം സൃഷ്ടിക്കാനിടയുണ്ടെന്നെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്നു ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഒഡീഷയിലും പശ്ചിമ ബംഗാളിലും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി 56 ടീമുകളെ വിന്യസിച്ചിട്ടുണ്ട്.