ഡൽഹിയിലെ ഫ്ലാറ്റിൽ തീപിടിത്തം; 16 വയസുകാരൻ മരിച്ചു; നാല് പേർക്ക് പരിക്ക്
Wednesday, October 23, 2024 10:56 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ആകാശ് മണ്ഡൽ (16) എന്ന ആൺകുട്ടിയാണ് മരിച്ചത്.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 3:27നായിരുന്നു സംഭവം.
കെട്ടിടത്തിന്റെ നാലാം നിലയിലെ രണ്ട് മുറികളുള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
തീപിടിത്തത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാകാം കാരണമെന്ന് ആദ്യം കരുതിയെങ്കിലും പരിശോധനയിൽ സിലിണ്ടർ സുരക്ഷിതമാണെന്ന് കണ്ടെത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.