പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു: അഞ്ച് മരണം
Wednesday, October 23, 2024 12:26 AM IST
പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരാണ് മരിച്ചത്.
പാലക്കാട് നിന്ന് കോങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ. ലോറി പാലക്കാട്ടേക്ക് പോകുന്ന വഴിയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
ലോറിയിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവർ പറഞ്ഞു. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പാലക്കാട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.