സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും
Tuesday, October 22, 2024 9:42 AM IST
ന്യൂഡൽഹി: ലൈംഗിക അതിക്രമക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ടപ്പോഴെല്ലാം അന്വേഷണസംഘത്തിനു മുന്പാകെ ഹാജരായിട്ടുണ്ടെന്നും വ്യക്തമാക്കി സിദ്ദിഖ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു.
പഴയ ഫോണുകൾ ഇപ്പോൾ തന്റെ കൈവശമില്ല. ഫോണ് നന്പർ അടക്കം തന്റെ പക്കലുള്ളതെല്ലാം അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്. പോലീസ് തന്നെ അന്യായമായി പിന്തുടരുകയാണെന്നും സിദ്ദിഖ് സത്യവാംഗ്മൂലത്തിൽ വിദശീകരിച്ചു.
അതേസമയം, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള പോലീസ് രണ്ടു ദിവസം മുന്പ് സത്യവാംഗ്മൂലം നൽകിയിരുന്നു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സിദ്ദിഖിനെതിരേ തെളിവുകൾ ലഭിച്ചിരുന്നുവെന്നും കൂടുതൽ വിവരം ശേഖരിക്കാൻ കസ്റ്റഡിയിൽ വേണമെന്നുമാണ് പോലീസ് സത്യവാംഗ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ 30ന് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പരാതി നൽകാൻ അതിജീവിത എടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് സിദ്ദിഖിന് അറസ്റ്റിൽനിന്നും ഇടക്കാല സംരക്ഷണം നൽകിയത്.