കർണാടകയിലെ കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കില്ല: എച്ച്.ഡി. കുമാരസ്വാമി
Sunday, October 20, 2024 4:03 PM IST
ബംഗളൂരു: കർണാടകയിൽ അധികാരത്തിലുള്ള കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന് കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായി എച്ച്.ഡി. കുമാരസ്വാമി. സിദ്ദരാമയ്യ സർക്കാരിനെ അവരുടെ എംഎൽഎമാർ തന്നെ താഴെ ഇറക്കുമെന്നും ജനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ ഭരണം മടുത്തുവെന്നും കുമാരസ്വാമി പറഞ്ഞു.
"സംസ്ഥാനത്ത് നിലവിലുള്ള സർക്കാരിന് 2028 വരെ കാലാവധി ഉണ്ട്. എന്നാൽ സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ 2028 വരെ അധികാരത്തിലുണ്ടാവില്ല. അതിന് മുന്നെ തന്നെ അവരുടെ സർക്കാർ താഴെ വീഴും. കോൺഗ്രസ് എംഎൽഎമാർ തന്നെ ഭരണത്തിൽ തൃപ്തരല്ല. ജനങ്ങളും സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്നു'- കുമാരസ്വാമി പറഞ്ഞു.
കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ എൻഡിഎയിലെ കക്ഷികൾ ശ്രമിക്കുന്നില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. അവരുടെ കൂടെ ഉള്ളവർ തന്നെയാണ് അതിന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങൾ അനുവദിക്കുകയാണെങ്കിൽ താൻ മുഖ്യമന്ത്രി ആകാനും തയ്യാറാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.