കൊല്ലപ്പെട്ടത് സിൻവാർ തന്നെ; സ്ഥിരീകരിച്ച് ഹമാസ്
Friday, October 18, 2024 9:55 PM IST
ടെൽ അവീവ്: യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് അൽ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു.
രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരൻ യഹിയ സിന്‍വാറിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ ഖലീല്‍ പറഞ്ഞു. ജറുസലേം തലസ്ഥാനമാക്കി പലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും ഖലീല്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിൽ നടന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസമാണ് സിൻവാർ കൊല്ലപ്പെട്ടത്.
ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് യഹിയ തന്നെയാണ് ഇസ്രായേല്‍ സ്ഥിരീകരിച്ചത്. ഡിഫന്‍സ് ഫോഴ്സ് സംഘം റാഫയിലെ താല് അല്‍ സുല്‍ത്താനില്‍ ബുധനാഴ്ച്ച പട്രോളിംഗ് നടത്തുന്നതിനിടെയാണ് യഹിയ ഉള്‍പ്പെടെ ഉള്ളവരെ വധിച്ചത്.
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറെണെന്നാണ് ഇസ്രായേൽ പറയുന്നത്.