മുൾട്ടാനിൽ ഇംഗ്ലണ്ട് കറങ്ങിവീണു; നാട്ടിൽ മാനംകാത്ത് പാക്കിസ്ഥാൻ
Friday, October 18, 2024 2:46 PM IST
മുള്‍ട്ടാൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് 153 റണ്‍സിന്റെ തകർപ്പൻ ജയം. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം 144 റണ്‍സിന് പുറത്തായി. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
പാക്കിസ്ഥാനു വേണ്ടി 46 റൺസ് മാത്രം വഴങ്ങി എട്ടുവിക്കറ്റ് പിഴുത നോമാൻ അലിയാണ് ഇംഗ്ലീഷ് പടയെ നിലംപരിശാക്കിയത്. ബാക്കി രണ്ടുവിക്കറ്റുകൾ സാജിദ് ഖാൻ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ രണ്ട് ഇന്നിംഗ്സിലുമായി വീണ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കിയത് സാജിദ് ഖാനും നോമാന്‍ അലിയും ചേര്‍ന്നാണ്. ആദ്യ ഇന്നിംഗ്സില്‍ സാജിദ് ഖാന് ഏഴ് വിക്കറ്റെടുത്തപ്പോള്‍ അലി മൂന്ന് വിക്കറ്റെടുത്തിരുന്നു. സ്കോര്‍ പാകിസ്ഥാന്: 366, 221, ഇംഗ്ലണ്ട്: 291, 144.
നാലാം ദിനം എട്ടു വിക്കറ്റ് ശേഷിക്കെ 261 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ സ്കോർ 37 റൺസിൽ നില്‍ക്കെ ഒല്ലി പോപ്പിനെ (22) വീഴ്ത്തിയ സാജിദ് ഖാൻ പാക്കിസ്ഥാന് വീണ്ടും ബ്രേക്ക്ത്രൂ നല്കി. തുടർന്ന് ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനായി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ. 18 റൺസെടുത്ത ജോ റൂട്ടിനെ നോമാന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ഹാരി ബ്രൂക്കിനെയും(16) നോമാൻ അലി പുറത്താക്കിയതോടെ അഞ്ചിന് 78 റൺസെന്ന നിലയിൽ ഇംഗ്ലണ്ട് കൂപ്പുകുത്തി.
പരാജയം ഒഴിവാക്കാൻ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (37) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ജാമി സ്മിത്ത്(ആറ്), ബ്രെയ്ഡന്‍ കാഴ്സ് (27), ജാക്ക് ലീച്ച്(ഒന്ന്), ഷെയ്ബ് ബഷീര്‍ (പൂജ്യം) എന്നിവർ നായകനു പിന്നാലെ മടങ്ങിയതോടെ അനിവാര്യമായ തോൽവി സന്ദർശകരെ തേടിയെത്തി. മാത്യു പോട്ട്(ഒമ്പത്) പുറത്താകാതെ നിന്നു.
മൂന്നര വര്‍ഷത്തിനും 11 ടെസ്റ്റുകള്‍ക്കും ശേഷമാണ് പാക്കിസ്ഥാന് സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. 2021 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു പാക്കിസ്ഥാന് അവസാനമായി നാട്ടില്‍ ടെസ്റ്റ് ജയിച്ചത്.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-1 എന്ന നിലയിൽ പാക്കിസ്ഥാന് ഇംഗ്ലണ്ടിനൊപ്പമെത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 24ന് റാവല്‍പിണ്ടിയില്‍ തുടങ്ങും.