"സമാധാനത്തിനോ ചർച്ചയ്ക്കോ ഇനി ഇടമില്ല': സിൻവർ വധത്തിൽ മുന്നറിയിപ്പുമായി ഇറാൻ
Friday, October 18, 2024 12:36 PM IST
ടെൽ അവീവ്: ഹമാസ് തലവൻ യഹ്യ സിൻവറിനെ വധിച്ചുവെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. സിൻവറിന്റെ വധം മേഖലയിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നാണ് ഇറാൻ വാർത്താക്കുറിപ്പിൽ അറിയിച്ചത്.
"പലസ്തീൻ വിമോചനത്തിനായി യഹ്യ നടത്തിയ പോരാട്ടം യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും നിലനിൽക്കുന്നിടത്തോളം കാലം, പ്രതിരോധവും നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ ജീവിച്ചിരിക്കുന്നവർക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരും..'- ഇറാൻ വ്യക്തമാക്കി.
അതേസമയം, തിരിച്ചടിക്കുമെന്ന് ഇസ്രയേലിനു മുന്നറിയിപ്പുമായി ഇറാൻ സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. സമാധാനത്തിനോ ചർച്ചയ്ക്കോ ഇനി ഇടമില്ലെന്നാണ് ഇറാൻ സൈന്യം എക്സിൽ കുറിച്ചത്. ഒന്നുകിൽ നമ്മൾ വിജയിക്കും, മറിച്ചാണെങ്കിൽ മറ്റൊരു കർബല സംഭവിക്കുമെന്നും യഹ്യ സിൻവറിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ സൈന്യം കുറിച്ചു.
ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിൻവറിനെ ഗാസയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന സൈനികനടപടിക്കിടെയാണ് ഇസ്രേലി സേന വധിച്ചത്. സിൻവറിന്റെ മരണത്തോടെ ഹമാസിന്റെ മുതിർന്ന നേതൃനിര തുടച്ചുനീക്കപ്പെട്ടു. മറ്റു മുതിർന്ന നേതാക്കളായ ഇസ്മയിൽ ഹനിയ, മുഹമ്മദ് ദെയിഫ് എന്നിവരെ ഇസ്രയേൽ നേരത്തേ വധിച്ചിരുന്നു.