സ്വതന്ത്ര സ്ഥാനാര്‍ഥികളെയും പ്രോത്സാഹിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
Thursday, October 17, 2024 1:15 PM IST
കോഴിക്കോട്: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ഉത്കണ്ഠപ്പെടാനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്.
വയനാട് ലോക്സഭ മണ്ഡലം സിപിഐയുടെ സീറ്റാണ്. ഇവിടെ സ്ഥാനാര്‍ഥിയെ സിപിഐ പ്രഖ്യാപിക്കും. പാലക്കാട്, ചേലക്കര സ്ഥാനാര്‍ഥികളുടെ പേര് സിപിഎമ്മും പ്രഖ്യാപിക്കും. സംഘടനാപരമായ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാലാണ് സമയമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് പി. സരിന് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പാലക്കാട് ജില്ലാ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു രാമകൃഷ്ണന്റെ മറുപടി.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളൊക്കെ തയാറാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളെയും പ്രോത്സാഹിപ്പിക്കും. പാലക്കാട്ടെ കാര്യം അവിടത്തെ സിപിഎം ജില്ലാ കമ്മിറ്റി പറഞ്ഞിരിക്കുന്നത് സരിന്റെ അഭിപ്രായം കേട്ടതിനു ശേഷം തീരുമാനം പറയാമെന്നാണ്.
സരിന് ഇന്ന് അഭിപ്രായം പറയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം അഭിപ്രായം പറയട്ടെ, അത് കേട്ടതിനു ശേഷം പാലക്കാട് ജില്ലാ കമ്മിറ്റി അവരുടെ തീരുമാനം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.