പി.പി. ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബെനാമി; നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് പി.വി. അൻവർ
Thursday, October 17, 2024 11:27 AM IST
പാലക്കാട്: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭർത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണെന്ന് പി.വി. അൻവർ എംഎൽഎ. പി. ശശിക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി പെട്രോൾ പന്പുകൾ ഉണ്ട്. പുതിയ പന്പുകൾ നിർമിക്കുന്നുമുണ്ട്. അതിൽ ഒരു പന്പിന്റെ ബെനാമിയാണ് ദിവ്യയുടെ ഭർത്താവെന്നും അൻവർ പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു പിന്നിൽ കേരളം ഞെട്ടുന്ന സത്യങ്ങൾ ഉണ്ടെന്നും അൻവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി താൻ അന്വേഷിച്ച് അറിഞ്ഞ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടും.
ഈ എഡിഎം സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ല. അമിതമായ പി. ശശിയുടെ ഇടപെടലുകളെ നവീൻ എതിർത്തിട്ടുണ്ട്. ശശിയുടെ ഇങ്കിതത്തിനു വഴങ്ങാത്ത ഓഫീസറായിരുന്നു നവീൻ.
എഡിഎമ്മിന്റെ ആവശ്യപ്രകാരമാണ് സ്ഥലമാറ്റം കൊടുക്കുന്നത്. ശശിയുടെ സമ്മർദത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനുള്ള മാനസികാവസ്ഥയില്ലെന്നും പാർട്ടിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് എഡിഎമ്മിനു സ്ഥലമാറ്റം കൊടുത്തത്.
ആ മാറിപോകുന്ന ഘട്ടത്തിലാണ് ഇവനൊരു പണികൊടുക്കണമെന്ന് പി. ശശി ആലോചിക്കുന്നത്. ഒരു കൈക്കൂലിക്കാരനാണ് സ്ഥലംമാറിവരുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനുള്ള ആയുധമാക്കാനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ശശി ഉപയോഗിച്ചത്.
ഇതിനിൽ പിന്നുലുണ്ടായ കാര്യങ്ങളിൽ കൃത്യമായ പോലീസ് അന്വേഷണം അല്ല നടക്കുന്നത്. ഇപ്പോൾ നടക്കുന്നത്, എഡിഎം അഴിമതിക്കാരനാണെന്ന് പറഞ്ഞ് മുൻപ് പരാതി കിട്ടിതായി കള്ളപരാതിയുണ്ടാക്കി അതിനു രജിസ്റ്റർ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം.
ഒരു പൊളിറ്റിക്കൽ സെക്രട്ടറിയെ ഈ നാടിന്റെ ഗുണ്ടായിസത്തിന്റെ തലവനാക്കി വാഴിക്കുന്ന അവസ്ഥയിലെത്തിയെന്നും അൻവർ കൂട്ടിച്ചേർത്തു.