ഇന്ത്യയെ വിമർശിച്ച് ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു
Wednesday, October 16, 2024 6:02 PM IST
ഓട്ടവ: നരേന്ദ്ര മോദി സർക്കാരിനെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും വിമർശിച്ച് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. കനേഡിയൻ ദേശീയ ടെലിവിഷൻ മാധ്യമത്തിലൂടെയാണ് ഗുർപത്വന്ത് സിംഗ് ഇന്ത്യയെ വിമർശിച്ചത്.
മോദി സർക്കാരിനെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും 'പക്ഷപാതപരം' എന്നാണ് പന്നു വിശേഷിപ്പിച്ചത്. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൻ്റെ (എസ്എഫ്ജെ) നേതാവാണ് ഗുർപത്വന്ത് സിംഗ് പന്നു.
ഏത് സാഹചര്യത്തിലും ഖലിസ്ഥാൻ എന്ന പ്രസ്ഥാനം മുന്നോട്ട് കൊണ്ട്പൊകുമെന്നും പന്നു പറഞ്ഞു. ഇതിന് പുറമെ, തന്നെ വധിക്കാൻ ഒരു യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്ന് പന്നു ആരോപിക്കുകയും ചെയ്തു.
പഞ്ചാബിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ സമരത്തിന് തിരികൊളുത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോ പുറത്തുവിട്ട് ഏതാനും ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് കനേഡിയൻ ദേശീയ മാധ്യമത്തിലും പന്നു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും കാനഡയുടെ പ്രകോപനം. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കാളിത്തമുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം.
ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു