സരിൻ കോൺഗ്രസ് നേതൃത്വത്തിന് കീഴടങ്ങണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
Wednesday, October 16, 2024 5:33 PM IST
കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി.സരിനെ തള്ളി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സരിൻ കോൺഗ്രസ് നേതൃത്വത്തിന് കീഴടങ്ങണമെന്നും കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
"സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തീരുമാനം വന്നു. അതിന് വിധേയപ്പെട്ട് പോകണം എന്നാണ് ആഗ്രഹം. അതിനെ മറികടന്ന് സരിൻ പോകുമെന്ന് കരുതുന്നില്ല. പാർട്ടി തീരുമാനം കാത്തിരുന്നു കാണാമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയത്'- തിരുവഞ്ചൂർ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിലാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ അതൃപ്തി പരസ്യമാക്കിയത്. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമര്‍ശിച്ചു.