ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ ഉയരുന്നു
Thursday, October 3, 2024 7:26 AM IST
മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും കനത്ത മഴയിലും അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 189 ആയി. തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഹെലൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്.
നൂറ് കണക്കിന് റോഡുകൾ തകർന്ന നിലയിലാണ്. നിരവധി പേർ ഇപ്പോഴും ഇരുട്ടിലാണ്. നോർത്ത് കരോലിന, സൗത്ത് കരോലിന, ജോർജിയ, ഫ്ലോറിഡ, ടെന്നേസി, വിർജിനിയ എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് മരിച്ചത്.
നോർത്ത് കരോലിനയിൽ 95 പേരാണ് മരിച്ചത്. സൗത്ത് കരോലിനയിൽ 39 പേർക്ക് ജീവൻ നഷ്ടമായി. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 19 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു. വിർജിനിയയിൽ രണ്ട് പേർ മരിച്ചു.
ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.