യുഎന്‍ സെക്രട്ടറി ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്
Wednesday, October 2, 2024 10:21 PM IST
ടെല്‍ അവീവ്: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പ്രതികരണത്തിന്റെ പേരിലാണ് വിലക്ക്.
ഗുട്ടെറെസിനെ ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഇസ്രയേല്‍ വിരുദ്ധ സെക്രട്ടറി ജനറല്‍ എന്നാണ് വിശേഷിപ്പിച്ചത്. യുദ്ധം ആരംഭിച്ചതുമുതല്‍ ഗുട്ടെറെസിന്റേത് ഇസ്രയേല്‍ വിരുദ്ധ നിലപാടാണ്.
ഇറാന്റെ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രയേല്‍ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല എന്നും ഇസ്രയേൽ വ്യക്തമാക്കി. യുഎൻ സെക്രട്ടറി ജനറലിനെ ഇസ്രയേല്‍ അസ്വീകാര്യനായ വിദേശ പ്രതിനിധി ആയി പ്രഖ്യാപിച്ചിട്ടുമുണ്ട്.
കുറിപ്പിൽ ആക്രമണം നടത്തിയ ഇറാനെ ഗുട്ടെറെസ് പരാമര്‍ശിച്ചില്ല. ഇതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ അപലപിക്കുന്നതായും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടെറെസ് ആവശ്യപ്പെട്ടിരുന്നു.