പുഷ്പന്റെ സംസ്കാരം ഇന്ന് വൈകിട്ട്
Sunday, September 29, 2024 11:25 AM IST
കണ്ണൂർ: അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയുമായിരുന്ന പുഷ്പന്റെ സംസ്കാരം ഇന്ന്. വൈകിട്ട് അഞ്ചിന് ചൊക്ലിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടോടെ വിലാപയാത്രയായി മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോയി. വിലാപയാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്.
നിലവിൽ തലശേരി ടൗൺഹാളിൽ പുഷ്പന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. പുഷ്പനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ് തലശേരി നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്.
കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.