ഭൂമി കുംഭകോണം; സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത കേസെടുത്തു
Friday, September 27, 2024 9:18 PM IST
ബംഗളൂരു: മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കേസെടുത്ത് ലോകായുക്ത. സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താമെന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചും വിധിച്ചിരുന്നു. എഫ്ഐആറില്‍ സിദ്ധരാമയ്യയാണ് ഒന്നാം പ്രതി. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന് മല്ലികാര്‍ജുന്‍ സ്വാമി, വിവാദ ഭൂമി ഉടമ ദേവരാജ് എന്നിവരേയും എഫ്ഐആറില്‍ പ്രതിചേര്‍ത്തു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയ്ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ സ്നേഹമയി കൃഷ്ണ, വിവരാവകാശ പ്രവര്ത്തകന് ടി.ജെ.ഏബ്രഹാം, എസ്.പി.പ്രദീപ് കുമാര്‍ എന്നിവരാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ സിദ്ധരാമയ്യയ്ക്കെതിരെ ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു.
ഇതിനെതിരെ സിദ്ധരാമയ്യ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യക്കെതിരെ കേസെടുക്കാന്‍ കര്‍ണാടകയിലെ പ്രത്യേക കോടതി ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കിയത്.
കർണാടകയിൽ ബിജെപി സർക്കാർ ഭരിക്കുന്ന കാലത്ത് 2022 ജനുവരി 25നു നടന്ന ഭൂമി കൈമാറ്റത്തെച്ചൊല്ലിയാണ് വിവാദം. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കു മൈസൂരു നഗര വികസന അഥോറിറ്റി 14 പ്ലോട്ടുകൾ അനുവദിച്ചതിൽ 55.8 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.