യുവതിയെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം: പ്രതി ജീവനൊടുക്കി
Thursday, September 26, 2024 12:24 AM IST
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 50 കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയെ ഒഡീഷയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
മുഖ്യപ്രതിയെന്നു സംശയിക്കുന്ന പശ്ചിമബംഗാൾ സ്വദേശി മുക്തിരാജൻ പ്രതാപ് റോയിയെയാണ് ഒഡീഷയിലെ ഭാദ്രാക് ജില്ലയിൽപ്പെട്ട ഭുനിപുർ ഗ്രാമത്തിലെ ശ്മശാനത്തോടു ചേർന്നുള്ള മരക്കൊന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതിയെക്കുറിച്ചു സൂചന ലഭിച്ച ബംഗളൂരു പോലീസ് നാലു സംഘങ്ങളായി തിരിഞ്ഞ് ഒഡീഷയിൽ എത്തിയിരുന്നു. ബംഗളൂരുവിലെ മല്ലേശ്വരത്ത് ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പ്രമുഖ മാളിലെ ജീവനക്കാരി ത്രിപുര സ്വദേശിനി മഹാലക്ഷ്മി(29)യാണു കൊല്ലപ്പെട്ടത്.
രണ്ടു ദിവസമായി മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് തൊട്ടടുത്ത താമസക്കാർ മഹാലക്ഷ്മിയുടെ ബന്ധുക്കളെ അറിയിച്ചതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മഹാലക്ഷ്മിയുടെ അമ്മയും സഹോദരിയും കഴിഞ്ഞ ശനിയാഴ്ച വീട്ടിലെത്തിയപ്പോഴാണു ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. മൃതദേഹം 50 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഫ്രിഡ്ജിനുസമീപം ബാഗും കണ്ടെത്തിയിരുന്നു. ഈമാസം ആദ്യം മഹാലക്ഷ്മിയെ കൊലപ്പെടുത്തിയിരിക്കാമെന്നാണു പോലീസിന്റെ നിഗമനം. അഞ്ചു മാസമായി ഈ അപ്പാർട്ട്മെന്റിൽ താമസിച്ചുവന്നിരുന്ന യുവതി അയൽവാസികളുമായി അടുത്തിടപഴകാത്ത പ്രകൃതക്കാരിയായിരുന്നുവെന്നും ഏതാനും ദിവസം മുന്പ് സഹോദരനെത്തി യുവതിക്കൊപ്പം താമസിച്ചിരുന്നുവെന്നും പരിസരത്തെ താമസക്കാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
വിവാഹിതയായ യുവതിക്ക് ഒരു മകനുണ്ട്. എന്നാൽ, ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു.