എം.എം.ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ തീരുമാനം
Wednesday, September 25, 2024 10:00 PM IST
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ തീരുമാനമെടുത്ത് കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതി. കേരള അനാട്ടമി ആക്ട് പ്രകാരമാണ് തീരുമാനമെടുത്തത്.
എംഎം ലോറൻസിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തി. എം.എം.ലോറൻസിന്റെ മക്കളുടെ വാദങ്ങൾ വിസ്തരിച്ച് കേട്ടതിനും ശേഷമാണ് തീരുമാനമെടുത്തത്.
വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ സജീവൻ ആവർത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളുമുണ്ട്. മകള്‍ സുജാത കൃത്യമായി നിലപാട് എടുത്തില്ല. അതേസമയം,, എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകരുതെന്ന് മകള്‍ ആശ എതിർപ്പ് ആവർത്തിച്ചു.
സാക്ഷികളായ അഡ്വ. അരുൺ ആൻ്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകണം എന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്നാണ് ഉപദേശക സമിതിയെ അറിയിച്ചത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.