ജമ്മു കാഷ്മീരില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും: രാം ദാസ് അത്താവ്ലെ
Wednesday, September 25, 2024 6:21 PM IST
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവ്ലെ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടങ്ങളിലെയും മികച്ച പോളിംഗ് ശതമാനം ബിജെപിക്ക് അനുകൂലമായ തരംഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും അത്താവ്ലെ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ജമ്മു കാഷ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കാഷ്മീർ വികസനത്തിന്റെ പാതയിലാണെന്നും അതിന് തുടർച്ച ഉണ്ടാവണമെങ്കിൽ അവിടെ ബിജെപി തന്നെ സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
ജമ്മുകാഷ്മീർ നിയമസഭയിലേയ്ക്ക് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18ന് ആയിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. ബുധാഴ്ചയാണ് രണ്ടാം ഘട്ടം നടന്നത്. ഒക്ടോബർ ഒന്നിനാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.