പൂരം കലക്കൽ: മന്ത്രിസഭായോഗത്തിൽ സിപിഐ അന്വേഷണം ആവശ്യപ്പെട്ടു
Wednesday, September 25, 2024 2:12 PM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന് സിപിഐ മന്ത്രിസഭായോഗത്തിലും ആവശ്യപ്പെട്ടു. മന്ത്രി കെ.രാജനാണ് വിഷയം ഉന്നയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ ഗൗരവതരമാണ്. അന്വേഷണം പ്രഖ്യാപിച്ച സമയത്തേക്കാൾ സങ്കീർണമാണ് കാര്യങ്ങളെന്നും ഗൗരവതരമായ പരിശോധന വേണമെന്നും രാജൻ ആവശ്യപ്പെട്ടു.
നേരത്തെ എഡിജിപി എം.ആർ.അജിത്കുമാറിനെതിരേ സിപിഐ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട വിഷയത്തിലും പൂരം കലക്കിയതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണം വൈകിയ വിഷയത്തിലും സിപിഐ എതിർപ്പ് പരസ്യമാക്കിയിരുന്നു.