സമ്മേളനത്തിൽ മദ്യപിച്ച് എത്തരുത്, റോഡ് നിയമങ്ങൾ പാലിക്കണം; പ്രവർത്തകർക്ക് വിജയ്യുടെ നിർദേശം
Tuesday, September 24, 2024 2:59 PM IST
ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നിർദേശങ്ങൾ പുറത്തിറക്കി. ഒക്ടോബര്‍ 27ന് വൈകിട്ട് നാലിന് വില്ലുപുരം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. മദ്യപിച്ച് എത്തുന്നവർക്ക് സമ്മേളനത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി എന്‍. ആനന്ദൻ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി എത്തുന്ന വാഹനങ്ങള്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസമാകാതെ റോഡ് മര്യാദകള്‍ പാലിക്കണം. ഇരുചക്രവാഹനങ്ങളില്‍ വേദിയിലെത്തുന്ന അണികള്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മതിയായ സംരക്ഷണവും പിന്തുണയും നല്‍കണം. സമ്മേളന സമയത്ത് ഡ്യൂട്ടിയിലെത്തുന്ന മെഡിക്കല്‍ ടീമിനും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.