അഞ്ച് മുതല്‍ എട്ട് മീറ്റര്‍ വരെ താഴ്ചയില്‍ ട്രക്ക് ഉണ്ടാകാം; ഉടൻ കണ്ടെത്താനാകുമെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍
Tuesday, September 24, 2024 2:36 PM IST
ബംഗളൂരു: ഗംഗാവാലി പുഴയിൽ ശക്തമായ സിഗ്നല്‍ ലഭിച്ചത് കോണ്ടാക്ട് മൂന്ന്, നാല് പോയിന്റുകള്‍ കേന്ദ്രീകരിച്ചാണെന്ന് റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍. ഇവിടെ അഞ്ച് മുതല്‍ എട്ട് മീറ്റര്‍ വരെ താഴ്ചയില്‍ ട്രക്ക് ഉണ്ടാകാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.
ട്രക്ക് കണ്ടെത്താന്‍ ആകും. പുഴയിലെ പാറക്കല്ലുകൾ തെരച്ചിലിന് പ്രതിസന്ധിയാകുമെന്ന് അദ്ദേഹം അറിയിച്ചു. പുഴയിൽ ലോറി ഉണ്ടാകാൻ സാധ്യതയുള്ള പോയിന്റുകൾ മാർക്ക്ചെയ്ത് നൽകാൻ എത്തിയതായിരുന്നു അദ്ദേഹം.
അതിനിടെ അർജുൻ അടക്കം മൂന്നുപേർക്കായുള്ള ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് രാവിലെ കനത്ത മഴയായിരുന്നു. മഴയ്ക്ക് നേരിയ ശമനം വന്നതോടെയാണ് ഡ്രെഡ്ജിംഗ് വീണ്ടും ആരംഭിച്ചത്.
ഇന്ന് ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. ഗംഗാവാലി പുഴയുടെ തീരപ്രദേശത്ത് അടക്കം ഇന്ന് കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.