പൂരം അലങ്കോലമാക്കിയത് വസ്തുത; റിപ്പോര്‍ട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ലെന്ന് രാമകൃഷ്ണൻ
Tuesday, September 24, 2024 11:00 AM IST
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായെന്നത് വസ്തുതയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ല. അന്വേഷണ റിപ്പോര്‍ട്ട് താൻ കണ്ടിട്ടില്ല.
മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സിപിഐയുമായി നല്ല ബന്ധമാണ്. സിപിഐയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും തനിക്ക് മറുപടി പറയാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട ജനയുഗം മുഖപ്രസംഗം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എഡിജിപി എം.ആര്.അജിത്കുമാറിന്റെ റിപ്പോർട്ടിനോട് ഡിജിപി വിയോജിച്ചു. ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയത്.
ദേവസ്വങ്ങൾ ആസൂത്രിത നീക്കം നടത്തിയെങ്കിൽ അക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതല്ലേയെന്ന് ഡിജിപി ചോദിച്ചു. പൂരത്തിന് മുമ്പുള്ള അവലോകനയോഗത്തില്‍ എഡിജിപി പങ്കെടുത്തതാണ്. പൂരം അലങ്കോലപ്പെട്ടപ്പോള്‍ സ്ഥലത്തുണ്ടായിട്ടും എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ല.
റിപ്പോര്‍ട്ട് തയാറാക്കാന്‍ അഞ്ച് മാസമെടുത്തു. എന്തുകൊണ്ടാണ് ഇത്രയും കാലതാമസമെടുത്തതെന്നും ഡിജിപി വിമര്‍ശനം ഉന്നയിച്ചു.