അർജുന്റെ ലോറിയുടെ ലൈറ്റ് റിഫ്ലക്ടർ കിട്ടിയത് വഴിത്തിരിവായി: കാർവാർ എസ്പി നാരായണ
Tuesday, September 24, 2024 8:52 AM IST
ബംഗളൂരു: ഷിരൂരിൽ കാണാതായ അർജുന്റെ ലോറിയുടെ ലൈറ്റ് റിഫ്ലക്ടർ കിട്ടിയത് വഴിത്തിരിവായെന്ന് കാർവാർ എസ്പി നാരായണ. പരിശോധന തുടരുന്നത് നേവി മാർക്ക് ചെയ്ത പോയിന്റിലാണെന്നും അദ്ദേഹം അറിച്ചു.
ശക്തമായ ലോഹ സാന്നിധ്യം കണ്ട സ്ഥലത്ത് ആദ്യം പരിശോധന നടത്തും. മണ്ണിടിച്ചിൽ ഉണ്ടായ ദിവസം പുഴയിൽ സ്ഫോടനം ഉണ്ടായെന്ന വാർത്ത തെറ്റാണെന്നും എസ്പി പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമായാൽ താല്‍ക്കാലികമായി തെരച്ചിൽ നിര്‍ത്തിവെക്കേണ്ടിവരും. അതല്ലാതെ ഏതു സാഹചര്യത്തിലും ദൗത്യം നിര്‍ത്തില്ല. മഴ പെയ്താല്‍ തെരച്ചിൽ മന്ദഗതിയിലാകും എന്ന് അദ്ദേഹം അറിയിച്ചു.
ഇന്നലെ നടന്ന തെരച്ചിലിനിടെ ലോറിയുടെ ക്രാഷ് ഗാർഡ് ഗംഗാവലിപ്പുഴയിൽനിന്ന് കണ്ടെത്തി. ഇത് അർജുന്റെ വാഹനത്തിന്റേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. പുഴയിൽനിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, പൊട്ടിവീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേനാ സംഘം മാര്‍ക്ക് ചെയ്ത പോയിന്റ്-2 വിൽ നടന്ന തെരച്ചിലിലാണ് കയറുൾപ്പെടെയുള്ളവ കണ്ടെത്തിയത്. ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും ഇതിന്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനാഫ് പറയുന്നു.