അൻവർ പാർട്ടിയെ ദുർബലപ്പെടുത്തി; മാറ്റത്തിന് വിധേയമായി സമീപനം സ്വീകരിക്കണം: എ. വിജയരാഘവൻ
Sunday, September 22, 2024 5:55 PM IST
തൃശൂർ: പി.വി. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സർക്കാർ സ്വീകരിച്ചുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ. മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞതോടെ വ്യക്തതയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെ ദുർബലപ്പെടുത്താൻ സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല. അൻവർ അടുത്ത ദിവസങ്ങളിൽ നടത്തിയ പ്രസ്താവനകൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാനുള്ള വകയായി.
സർക്കാർ വ്യവസ്ഥാപിതമായ രീതിയിലാണ് നിലപാട് സ്വീകരിച്ചത്. അതിനുശേഷവും അൻവർ പ്രതികരണങ്ങളുമായി മുന്നോട്ടുപോയി. അൻവറിന്റേത് ശരിയായ നിലപാടല്ലെന്നും വിജയരാഘവൻ പറഞ്ഞു.
പ്രസ്താവനകൾ ഇടതുപക്ഷത്തിന്റെ പൊതു മുന്നേറ്റത്തെ ദുർബലപ്പെടുത്തുന്നതാണ്. അൻവർ ഇപ്പോൾ സ്വീകരിച്ച നിലപാട് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നതാണ്. അതിനോട് യോജിക്കാനാവില്ല.
അൻവർ മാറ്റത്തിന് വിധേയമായി സമീപനം സ്വീകരിക്കണം. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ പാർട്ടിയുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാറില്ല. കേരളത്തിലെ മാധ്യമപ്രവർത്തനത്തിൽ ഹൃദയശൂന്യതയാണെന്നും വിജയരാഘവൻ പറഞ്ഞു.