പോലീസിനെ ആക്രമിച്ച് കടന്നു കളയാൻ ശ്രമം; പ്രതിയെ വെടിവച്ചു വീഴ്ത്തി
Sunday, September 22, 2024 9:08 AM IST
കോയമ്പത്തൂർ: പോലീസിനെ ആക്രമിച്ച് കടന്നു കളയാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ വെടിവച്ചു വീഴ്ത്തി. ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടന്ന പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം.
നാഗർകോവിൽ കൃഷ്ണൻകോവിൽ വാധ്യാർ വിളയിൽ ആൽവിൻ ഹെസക്കിയേലിനെയാണ് (40) കോയമ്പത്തൂർ സിറ്റി പോലീസ് സാഹസികമായി പിടികൂടിത്. അറസ്റ്റ് ചെയ്യുന്നതിനിടെ ഇയാൾ പോലീസുകാരെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
2023 ഫെബ്രുവരി 12ന് ഗുണ്ടാ നേതാവ് മധുര സത്യപാണ്ടിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ആൽവിൻ. പിന്നീട് കോടതിയിൽ കീഴടങ്ങിയ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. ഇയാൾ കൊഡിസിയ മൈതാനി ഭാഗത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിത്.
പോലീസ് വളഞ്ഞതോടെ ആൽവിൻ കത്തികൊണ്ട് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹെഡ്കോൺസ്റ്റബിൾ രാജ്കുമാർ ചികിത്സയിലാണ്. വെടിയേറ്റ് വീണ പ്രതിയെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.