സ്കൂളിലെ വിദ്യാർഥികൾക്ക് കള്ള് നൽകിയ ഷാപ്പ് ജീവനക്കാർക്കെതിരെ കേസെടുത്ത് എക്സൈസ്
Sunday, September 22, 2024 2:11 AM IST
ചേര്‍ത്തല: ആലപ്പുഴയിൽ യുപി സ്കൂളിലെ വിദ്യാർഥികൾക്ക് കള്ള് നൽകിയ ഷാപ്പ് ജീവനക്കാർക്കും ലൈസൻസിക്കുമെതിരെ എക്സൈസ് കേസെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് പരിധിയിലാണ് സംഭവം.
സ്കൂളിലെ ഓണാഘോഷത്തിനിടയിലാണ് സ്കൂൾ അധികൃതർ അറിയാതെ വിദ്യാർഥികൾ കള്ള് വാങ്ങി കുടിച്ചത്. കള്ള് കുടിച്ച് അവശ നിലയിലായ ഒരു വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യ നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികൾക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എക്സൈസ് നടപടി.
ജീവനക്കാര്‍ക്ക് പുറമേ ലൈസൻസികളായ നാലുപേർക്കുമെതിരെയും ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ് കേസെടുത്തിട്ടുണ്ട്. ഷാപ്പു ജീവനക്കാരനായ മനോഹരനും മാനേജർ മോഹനനുമാണ് അറസ്റ്റിലായത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ്. ശ്രീകുമാർ എന്നിവർ മൂന്നുമുതൽ ആറുവരെ പ്രതികളാണ്.