മുഖ്യമന്ത്രിയെ തള്ളി; പോരാട്ടം തുടരുമെന്ന് അൻവർ
Saturday, September 21, 2024 6:13 PM IST
മലപ്പുറം: മുഖ്യമന്ത്രി വിമർശിച്ചതിനു പിന്നാലെ പ്രതികരണവുമായി പി.വി.അൻവർ എംഎൽഎ. ഉപദേശകർ മുഖ്യമന്ത്രിയെ തെറ്റിധരിപ്പിക്കുകയാണ്. പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സുജിത്ത് ദാസിന്റെ ഫോൺ ചോർത്തിയത് ചെറ്റത്തരമാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്.
പക്ഷേ അതു പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവൻ ഫോൺ സംഭാഷണവും പുറത്തുവിട്ടിട്ടില്ല. അതുകൂടി പുറത്തുവിട്ടാൽ ഈ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനപരിശോധിക്കണം. തെറ്റിധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരുമെന്നും അൻവർ പറഞ്ഞു.
താൻ ആരോപണം ഉന്നയിച്ചത് പോലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥർക്കെതിരെയാണ്. പോലീസിൽ നല്ല ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. പത്താം ക്ലാസ് പാസാകാത്ത എഴുതാനറിയാത്ത പോലീസുകാരും കേരളത്തിലില്ല. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പോലീസിലെ പുഴുക്കുത്തുകൾക്കെതിരെയാണ് തന്റെ പോരാട്ടം. അത് തുടരും.
തന്റെ ആരോപണത്തിൽ പോലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ശശിയുടെ പ്രവർത്തനം മാതൃകാപരം എന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായം. ആ അഭിപ്രായമല്ല തനിക്ക്. തന്റെ വീട്ടിലെ കാര്യങ്ങളല്ല പി.ശശിയോട് ആവശ്യപ്പെട്ടത്. ശശി കള്ളക്കടത്തു സംഘത്തിൽ നിന്ന് പങ്കു പറ്റുന്നുണ്ട്.
ഞാൻ പഴയ കോൺഗ്രസുകാരൻ തന്നെയാണ്. ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ? മുഖ്യമന്ത്രിയെ താൻ തള്ളി പറയില്ല. പാർട്ടിക്ക് വേണ്ടെന്ന് തോന്നുന്നത് വരെ താൻ പാർട്ടിയിൽ നിന്ന് പോരാടും. താൻ തീയിൽ കുരുത്തവനാണെന്നും വെയിലെത്ത് വാടില്ലെന്നും പാർട്ടിക്കു വേണ്ടെങ്കിൽ സ്വന്തം വഴിതേടുമെന്നും അദ്ദേഹം വ്യക്തമാക്കി.