ഷിരൂർ തിരച്ചിൽ നിർണായക ഘട്ടത്തിൽ; ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ
Saturday, September 21, 2024 2:37 PM IST
ബംഗളൂരു: ഷിരൂരിൽ ഗംഗാവലിപ്പുഴയിലെ തിരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. നാവികസേന മാർക്ക് ചെയ്ത സിപി-4 പോയിന്റിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയിലാണ് ലോറിയുടെ രണ്ടു ചക്രങ്ങളുടെ ഭാഗങ്ങളും അതിനു നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടെത്തിയത്.
തലകീഴായി കിടക്കുന്ന നിലയിലുള്ള ലോറിയുടെ ബാക്കി ഭാഗം മണ്ണിലടിയിലുണ്ടാകുമെന്നാണ് കരുതുന്നതെന്നും മാൽപെ പറഞ്ഞു. അതേസമയം, ഇത് ഏത് ലോറിയുടേതാണെന്ന് പറയാറായിട്ടില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
രാവിലെ ആരംഭിച്ച തിരച്ചിലിൽ ഈശ്വർ മാൽപെ പുഴയിൽ നിന്നും അക്കേഷ്യ തടിക്കഷണം മുങ്ങിയെടുത്തിരുന്നു. അർജുൻ ലോറിയിൽ കൊണ്ടുവന്ന മരക്കഷണങ്ങളാണിത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണിതെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.
നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയിന്റുകളിലാണ് ഡ്രഡ്ജറും കാമറയും ഉപയോഗിച്ചുളള തിരച്ചിൽ നടക്കുന്നത്. സ്ഥലത്ത് അർജുന്റെ സഹോദരിയും എത്തിയിട്ടുണ്ട്.