അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ട്: പ്രതിപക്ഷ നേതാവ്
Saturday, September 21, 2024 2:22 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എഡിജിപി എം.ആർ. അജിത് കുമാർ, ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽ തുടരാൻ അർഹതയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ആര്‍എസ്എസ് നേതാവിനെ കണ്ട ഉദ്യോഗസ്ഥനെതിരെ ചെറുവിരൽ അനക്കിയില്ല. മുഖ്യമന്ത്രിയുടെ ദൂതൻ അല്ല എഡിജിപി എങ്കിൽ എന്ത് കൊണ്ട് നടപടി ഇല്ല ?. ആര്‍എസ്എസിന് സിപിഎം കൊടുത്ത പിന്തുണയുടെ തുടര്‍ച്ചയാണിത്. തൃശൂർപൂരം കലക്കാൻ മുഖ്യമന്ത്രിയും കൂട്ടുനിന്നു. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിൽ സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
വിവാദങ്ങളിലും ആരോപണങ്ങളിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ 58 മിനിറ്റും സംസാരിച്ചത് മാധ്യമങ്ങൾക്കെതിരെയാണ്. വ്യാജ വാർത്തക്കെതിരെ ആദ്യം കേസ് എടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്.
യഥാർഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. തൃശൂർപൂരം കലക്കിയ സംഭവത്തിൽ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം എന്നാണ് അന്ന് പറഞ്ഞത്. എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും ഒന്നും ഉണ്ടായില്ല. ആഭ്യന്തരവകുപ്പിൽ മുഖ്യമന്ത്രിക്ക് ധാർമികമായി തുടരനാകില്ല. അതിനാൽ സ്ഥാനം ഒഴിയണം. തൃശൂര്‍പൂരം വിവാദത്തിൽ അന്വേഷണത്തിന് വീണ്ടും സമയം നീട്ടി കൊടുത്തു.
ആര്‍ടിഐ രേഖകൾ സത്യം പറഞ്ഞപ്പോൾ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തു. തന്റെ പാർട്ടിയിലെ വിരുദ്ധകർക്ക് മുഖ്യമന്ത്രി മറുപടി നൽകുകയാണ് ഇന്ന് ചെയ്തത്. പി.വി. അന്‍വര്‍ എംഎല്‍എയെ മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ അക്കാര്യം തെളിഞ്ഞു.
ഭരണകക്ഷി എംഎല്‍എക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുകയാണ്. കോൺഗ്രസ് സ്വഭാവം എങ്കിൽ എന്തിനു അൻവറിനെ സിപിഎം വച്ചോണ്ടിരിക്കുന്നു. അന്‍വറിന്റെ പകുതി ആരോപണങ്ങള്‍ അന്വേഷിക്കുകയും ബാക്കി തള്ളിപ്പറയുകയും ചെയ്യുന്നു. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ യാതൊരു അന്വേഷണവുമില്ല.
പൂരം കലക്കാൻ മുഖ്യമന്ത്രിയും കൂട്ടുനിന്നു. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിൽ സഹായിച്ചു. വയനാട് ദുരന്തത്തിൽ ഇല്ലാത്ത കണക്ക് ഉണ്ടാക്കിയാണ് നൽകിയത്. ഉദ്യോഗസ്ഥർ എഴുതി നൽകുന്നത് അതെ പോലെ ഒപ്പിട്ട് നൽകുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഇന്നത്തെ മറുപടി പ്രതിപക്ഷത്തിന് അല്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ എതിരാളികള്‍ക്ക് ഉള്ളതാണ്. മുഖ്യമന്ത്രി അൻവറിനെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഇപ്പോള്‍ തള്ളിപറയുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.