നിയമസഭാ സമ്മേളനം ഒക്ടോബർ നാല് മുതൽ; വയനാട്ടിലെ മെമ്മോറാണ്ടത്തിലെ വിവാദവും മന്ത്രിസഭയിൽ ചർച്ചയായി
Wednesday, September 18, 2024 3:23 PM IST
തിരുവനന്തപുരം: 15 ആം കേരള നിയമസഭയുടെ 12 ആം സമ്മേളനം ഒക്ടോബർ നാല് മുതൽ ആരംഭിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഗവർണറോട് ഇക്കാര്യം ശിപാർശ ചെയ്യും.
തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. പുതുതായി 21 തസ്തികകള്‍ സൃഷ്ടിക്കും. ക്രിമിനല്‍ കോടതികളില്‍ അനുവദിച്ചിട്ടുള്ള 16 തസ്തികകള്‍ പരിവര്‍ത്തനം ചെയ്യും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ കണക്കുകൾ യോഗത്തിൽ റവന്യു മന്ത്രി കെ. രാജൻ വിശദീകരിച്ചു. എന്നാൽഇത് സംബന്ധിച്ച വിവാദങ്ങൾ ദോഷംചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായമുയർന്നു.
ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്താനും യോഗത്തിൽ തീരുമാനമായി. 1948-ലെ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില സൂചിക തയാറാക്കുന്നതിനാണ് ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്തുന്നത്.