ലെബനനിലെ സ്ഫോടനം : തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക
Wednesday, September 18, 2024 1:53 AM IST
ബെയ്റൂട്ട്: ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക. പെന്റഗൺ വക്താവാണ് ഈക്കാര്യം വ്യക്തമാക്കിയത്. ലെബനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ഇസ്രയേലും ലെബനനും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ചർച്ചയ്ക്ക് ഇരു രാജ്യങ്ങൾ ശ്രമിക്കണമെന്നും പെന്റഗൺ വക്താവ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ലെബനനിൽ ഉടനീളം സ്ഫോടനം ഉണ്ടായത്. പേജർ സ്ഫോടനങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സ്ഫോടനം നടന്നത്. ലെബനനിലെ തങ്ങളുടെ അംബാസഡർ മൊജ്തബ അമാനിക്കും പരുക്കേറ്റതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലും ഹിസ്ബുല്ലയുമായുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലെബാനോനെ നടുക്കിയ പേജാർ സ്ഫോടനങ്ങൾ നടന്നത്. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമായതിനാലാണ് ഹിസ്ബുല്ല സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ഉപയോഗിക്കുന്നത്.
ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഒരേ സമയത്ത് പൊട്ടിത്തെറിച്ചത്. മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് സൂചന.