നൂറുദിനം: 15 ലക്ഷം കോടിയുടെ പദ്ധതി, മണിപ്പൂരില്‍ സമാധാന പുനഃസ്ഥാപനം- റിപ്പോർട്ട് കാർഡ് പുറത്തുവിട്ട് അമിത് ഷാ
Tuesday, September 17, 2024 2:23 PM IST
ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ 100 ദിനങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ റിപ്പോർട്ട് കാർഡ് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ നയിക്കുന്നതിന് മറ്റൊരു അവസരം കൂടി ബിജെപിക്ക് നല്കിയ ജനങ്ങളോട് നന്ദി പറഞ്ഞ അദ്ദേഹം, വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും വ്യക്തമാക്കി.
ആദ്യ 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായി രാജ്യം രാഷ്ട്രീയ സ്ഥിരതയ്ക്കും നട്ടെല്ലുള്ള വിദേശ നയത്തിനും സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത 15 ദിവസം പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ്. എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കും. ലഖ്പദി ദീദി പദ്ധതിയില്‍ 11 ലക്ഷം വനിതകള്‍ക്ക് പ്രയോജനം ലഭിച്ചു. യുവാക്കള്‍ക്ക് ഒട്ടേറെ തൊഴിലവസരം സൃഷ്ടിച്ചു. യുവാക്കൾക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം കോടി രൂപയുടെ പാക്കേജിലൂടെ അഞ്ച് വർഷത്തിനുള്ളിൽ 4.10 കോടി യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.
മൂന്നുലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സർക്കാർ നീക്കിവച്ചിട്ടുണ്ട്. 50,600 കോടി രൂപ ചെലവിൽ രാജ്യത്തുടനീളമുള്ള പ്രധാന റോഡുകൾ വികസിപ്പിക്കും. 76,000 കോടി രൂപ ചെലവിൽ മഹാരാഷ്ട്രയിലെ വാധ്വാനിൽ ഒരു മെഗാ തുറമുഖം നിർമിക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൈബര്‍ കുറ്റകൃത്യം കുറയ്ക്കാന്‍ 5000 സൈബര്‍ കമാന്‍ഡോകളെ വിന്യസിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ 17-ാം ഗഡുവായി 9.5 കോടി കർഷകർക്ക് സർക്കാർ 20,000 കോടി രൂപ വിതരണം ചെയ്തതായും അമിത് ഷാ വ്യക്തമാക്കി.
സമവായ ചര്‍ച്ചകളിലൂടെ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്നും ഇരുവിഭാഗങ്ങളും സമാധാനം പുനഃസ്ഥാപിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.