നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
Tuesday, September 17, 2024 11:10 AM IST
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഒരാഴ്ചയ്ക്കകം വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. കേസിന്റെ വിചാരണ ഏറെ നാളായി നീണ്ടുപോകുന്നെന്ന് കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഈ വാദം അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ അഭിഭാഷകന് പല സാക്ഷികളെയും ക്രോസ് വിസ്താരം ചെയ്യുന്നത് നീണ്ടുപോകുകയാണ്. 85 ദിവസം വരെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ക്രോസ് വിസ്താരം ചെയ്തതെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ അടക്കം എതിർപ്പ് തള്ളിക്കൊണ്ടാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ നീളുന്നതിനെതിരേ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇതെന്ത് വിചാരണയാണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു.