അമ്മയും കുഞ്ഞും മരിച്ച സംഭവം: ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
Saturday, September 14, 2024 7:04 AM IST
കോഴിക്കോട്: ഗര്‍ഭപാത്രം തകര്‍ന്ന് കുഞ്ഞും പിന്നീട് അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കോഴിക്കോട് എകരൂല്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അമ്മ വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മരിച്ചു.
ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജിനെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. അശ്വതി വെന്റിലേറ്ററിലായപ്പോഴും പ്രശ്നമൊന്നുമില്ലെന്നാണ് അറിയിച്ചതെന്ന് അവർ പ്രതികരിച്ചു. ബന്ധുക്കളെ അറിയിക്കുന്നതിന് മുന്‍പ് തന്നെ ആശുപത്രി മാറ്റാൻ ശ്രമിച്ചതായും ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി സ്വകാര്യ മെഡിക്കല്‍ കോളജായ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അമ്മയും കുഞ്ഞും മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നു കാണിച്ച് ബന്ധുക്കള്‍ അത്തോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.