ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് അനുമതി; രണ്ടാം പ്രതിക്ക് ജാമ്യം
Friday, September 13, 2024 12:42 PM IST
കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു.
കേസില്‍ നാല് പേര് ഉള്‍പ്പെട്ടതായി പെണ്‍കുട്ടിയുടെ പിതാവ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിന് പറഞ്ഞിരുന്നെന്ന പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുടരന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം കേസിലെ രണ്ടാം പ്രതി അനിതാ കുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു. സ്ത്രീയെന്ന പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍ ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരുടെ മകളായ മൂന്നാം പ്രതി അനുപമ നിലവില്‍ ജാമ്യത്തിലാണ്.